ചെന്നൈയിൽനിന്നും കാഞ്ചീപുരത്തേക്കുള്ള മാർഗമധ്യേ പെട്ടെന്ന് കാർ നിർത്താൻ ബിന്ദു ഡ്രൈവറോട് ആവശ്യപ്പെട്ടു. കാർ നിർത്തിയപ്പോൾ ഇത് ശ്രീപെരുമ്പത്തൂർ ആണന്നും ഇറങ്ങിക്കണ്ടിട്ടു പോകാമെന്നും പറഞ്ഞു. വിജനപ്രദേശമായി കാണപ്പെട്ട ആ സ്ഥലത്ത് ഒരു സെക്യൂരിറ്റി ഗേറ്റും ഗാർഡും ഉണ്ടായിരുന്നു. ഗേറ്റ് കടന്നെത്തിയ സ്ഥലത്തെ ബോർഡിൽ നിന്നും ഞങ്ങൾ മനസിലാക്കി, അവിടെയാണ് രാജീവ് ഗാന്ധി കാറിൽ നിന്നും ഇറങ്ങിയതെന്നും, പിന്നീട് അപ്രകാരം നാമകരണം ചെയ്യപ്പെട്ട 'Path of Light'- ലൂടെ നടന്നുചെന്ന്, കുറച്ചകലെ ഉയർത്തിക്കെട്ടിയിരിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ പടുകൂറ്റൻ പതാകയ്ക്കരികിൽ നിർമ്മിച്ചിരുന്ന സ്റ്റേജിൽ വച്ചാണ്, ധനു എന്ന മനുഷ്യബോംബിനാൽ കൊല ചെയ്യപ്പെട്ടതെന്നും. ഒന്നല്ല, 16 മനുഷ്യശരീരങ്ങൾ അവിടെ തൽക്ഷണം ചിതറിത്തെറിച്ചു. എന്നിൽ ദേഷ്യവും സങ്കടവും ദൈന്യതയും ഒന്നിച്ചുണ്ടായ നിമിഷങ്ങൾ...
ആഴ്ചകൾക്ക് ശേഷം മടങ്ങി റാന്നിയിലെ എന്റെ വീട്ടിലെത്തിയപ്പോലാണ് നീന സമ്മാനിച്ച "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" മാസങ്ങൾക്ക് മുമ്പ് വായിക്കാനെടുത്തിട്ടു മാറ്റിവച്ച സ്ഥിതിയിൽ മേശപ്പുറത്തു കണ്ടത്. നല്ല പുസ്തകമാണന്നു ശ്രീനി(വാസൻ) പറഞ്ഞതുകൊണ്ട് വാങ്ങിയതാണന്നു പറഞ്ഞിട്ടും അന്നത് വായിക്കാൻ തോന്നിയില്ല. ഇപ്പോൾ എന്തോ ഒരു താൽപര്യം തോന്നിയിട്ട് വീണ്ടുമതു കൈകളിലെടുത്തു. പൊടി തട്ടി. ഒറ്റ ഇരുപ്പിൽ 295 പേജുകൾ വായിച്ചുതീർത്തു.
ഒരു നല്ല ചരിത്രാഖ്യായിക: ഹിറ്റ്ലറുടെയും മുസ്സോലനിയുടെയും കാലത്ത് നിന്നും ഫാസിസം വളരെയേറെ മാറിയിരിക്കുന്നു. സ്യൂഡോ- ഡെമോക്രസിയുടേയും മാന്യതയുടെയും, മതത്തിന്റെയും, വികസനത്തിന്റെയും, എന്തിനു സമാധാനത്തിന്റെതന്നെ മുഖംമൂടിയണിഞ്ഞാണ് ഫാസിസം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ കളം നിറഞ്ഞാടുന്നത്. അധികാരത്തിന്റെ വളരെ തന്ത്രപരമായ ആവിഷ്ക്കാരം!.
ശ്രീലങ്കയിൽ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ശബ്ദിച്ച ഒരൊറ്റ വനിതാആക്ടിവിസ്റ്റും കുറഞ്ഞ പക്ഷം ഒരിക്കലെങ്കിലും റേപ്പ് ചെയ്യപ്പെടാതിരുന്നിട്ടില്ല. ഒരൊറ്റ വിമോചനപോരാളിക്കും അംഗച്ചേദം സംഭാവിക്കാതിരുന്നിട്ടുമില്ല. ശ്രീലങ്കൻ അധികാരികൾക്ക് കൊല നടത്താൻ ഇന്ത്യൻ "സമാധാന" സേന കൂട്ടായിരുന്നു എന്നതിലുപരി മനുഷാവകാശധ്വംസനങ്ങളിൽ അവരായിരുന്നു എപ്പോഴും മുമ്പിൽ. ഭൂരിപക്ഷം ന്യൂനപക്ഷത്തെ അടിച്ചമർത്തുകയും റേപ്പ് ചെയ്യുകയും കൊള്ളയടിക്കുകയും കൊന്നൊടുക്കുകയുമായിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി പട പൊരുതിയ 'ഇയക്ക'വും അക്രമത്തിലൂടെത്തന്നെയാണ് അതിനു മറുപടി കൊടുത്തിരുന്നത്. നമ്മൾ മഹത്തരം എന്ന് വിശ്വസിക്കുന്ന ജനാധിപത്യം അന്ന് അവിടെ ജനവിരുദ്ധമായി; കാലന്റെ പ്രതിരൂപമായി.
അതിന്റെ (തിരു)ശേഷിപ്പുകൾ വർത്തമാനകാലത്ത് ലോകമെമ്പാടും ചിതറിക്കിടക്കുന്നു. അവിടെ നിന്നും കാർ വിടുമ്പോൾ ഞാനും കണ്ടിരുന്നു, 'കത്തിയെരിയുന്ന കൊളംബിൽനിന്ന് ഒരു കാൽ സിഗിരിയയിലും അടുത്ത കാൽ ശ്രീപാദമലയിലുംവെച്ച് കാന്തള്ളൂരിലേക്ക് അവൾ എന്നോടൊപ്പം ആകാശത്തിലൂടെ നടന്നുവരുന്നത്'. അവളെഴുതി, അരുൾമൊഴി നാങ്കെ പാടിയ വരികൾ എന്റെ കാതിലും പ്രതിധ്വനിക്കുന്നു:
I am SAD,SAD,SAD
I am MAD, MAD, MAD
Kill me Kill me Kill me
F*** Me F*** Me F*** Me
I am SAD,SAD,SAD
I am MAD, MAD, MAD
Kill me Kill me Kill me
F*** Me F*** Me F*** Me
എന്നിൽ പതഞ്ഞുയർന്ന ദേഷ്യവും സങ്കടവും ദൈന്യതയും ഇപ്പോഴില്ല. മനസ്സിൽ ഒരു കല്ലിപ്പ്; ഒരു തരം നിസ്സംഗത; ഒന്നുമില്ലായ്മ- നന്ദി!