സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഐ.ടി നിയമത്തിലെ 66 എ വകുപ്പ്. ഈ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് ഇന്നത്തെ കോടതി വിധി.
ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കി കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നു കയറ്റമാണ് പ്രസ്തുത വകുപ്പെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, ആര്‍.എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി.
ഇതോടൊപ്പം കേരളാ പോലീസിലെ 118 ഡി വകുപ്പും കോടതി റദ്ദാക്കിയിട്ടുണ്ട്. ഫോണിലൂടെയോ മറ്റേതെങ്കിലും രീതികളിലോ വ്യക്തികളെ ശല്യപ്പെടുത്തുന്നതിന് പിഴ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഇത്. ഈ രണ്ടു വകുപ്പുകളും തുല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവര സാങ്കേതിക നിയമം 66 എ വകുപ്പ് തുടക്കം മുതല്‍ വിവാദങ്ങളുടെ തോഴനായിരുന്നു. വിമര്‍ശകരെ നേരിടാന്‍ ഭരണകൂടവും രാഷ്ട്രീയ നേതാക്കളും വളരെയധികം ദുരുപയോഗിച്ച വകുപ്പാണിത്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പാക്കുന്ന ജനാധിപത്യ നാട്ടില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിനു നല്‍കുന്ന കമന്റോ ലൈക്കോ പോലും തെറ്റായി കണ്ട് പൗരന്മാരെ ഇരുമ്പഴിക്കുള്ളിലാക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞൂ. എല്ലാ കേസുകളിലും പൗരന്മാരുടെ രക്ഷയ്ക്ക് കോടതി ഉണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഭരണകൂടം അഴിക്കുള്ളിലാക്കിയവര്‍ക്ക് കോടതി മോചനം നല്‍കി.
ശിവസേന തലവനായിരുന്നു ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് മുംബൈയില്‍ ബന്ദ് ആചരിക്കാന്‍ ആഹ്വാനം ചെയ്തതിനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട ഷഹീന്‍ ദാദ എന്ന പെണ്‍കുട്ടിയെയും അത് ലൈക്ക് ചെയ്ത മലയാളിയായ റീനു ശ്രീനിവാസനെയും അറസ്റ്റു ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നിയമവിദ്യാര്‍ത്ഥി ശ്രേയ സിംഗാള്‍ ഐ.ടി ആക്ടിലെ 66 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, മതവൈരം വളര്‍ത്തുന്ന തരത്തിലോ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന തരത്തിലോ ഉള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റുകള്‍ ബ്‌ളോക്ക് ചെയ്യാനും കോടതി കേന്ദ്രത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
No comments:
Post a Comment