Saturday, May 12, 2012

To the sabha mandalam


വിശ്വാസികള്‍ക്ക് താഴെ കൊടുക്കുന്ന ലേഖനത്തിന് മറുപടി ലഭിക്കാന്‍ അവകാശമുണ്ട്‌. നമ്മുടെ 
കുഞ്ഞുങ്ങള്‍ പള്ളിയില്‍ നിന്നകലുന്നു എന്ന് വിലപിച്ചാല്‍ പോരാ, അവരുടെ ധീഷന്ഹക്ക്   ചേരുന്ന വിധത്തില്‍ വിശാസത്തെ വ്യഖാനിക്കാന്‍ നമുക്കാവണം.  വിശ്വാസങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ നമൂകു കഴിയണം.  മാര്‍ തോമ സഭയിലെ ഏതെങ്കിലും ഒരു മത പണ്ഡിതന്‍ ഇതിനു മറുപടി എഴുതുമോ? പി. എച്. ഡി. ഉള്ള തിയലോജ്യന്മ്മാരും  അവാര്‍ഡ്‌ ജേതാക്കളും അന്തര്‍ ദേശീയ നേതാക്കന്മാരും ഒക്കെ ഒത്തിരി ഉണ്ടെന്നാണല്ലോ അവകാശവാദം!

'ക്ഷുബ്ധസാഗരത്തിലെ ചെറുതോണിയാണ് എന്റെ വിശ്വാസം' എന്ന് ആരോ എഴുതിയതിനെ നിരാകരിക്കുന്നതാണ് റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ (Richard Dawkins) ദ് ഗോഡ് ഡെലൂഷന്‍ 
(The God Delusion) എന്ന കൃതി. കഴിഞ്ഞകൊല്ലം പ്രസിദ്ധീകരിച്ച ഏറ്റവും ശ്രദ്ധേയമായ ഈ ഗ്രന്ഥം, യാഥാസ്ഥിതികചിന്തകളെയും വിശ്വാസങ്ങളെയും കീറിപ്പറിച്ചെറിയുക മാത്രമല്ല ചെയ്യുന്നത്- ജീവിതത്തെ പുതിയതായി കാണാനും നമ്മെ പ്രേരിപ്പിക്കുന്നു. 


ഗ്രന്ഥത്തില്‍ പ്രതിപാദിക്കപ്പെടുന്ന അദ്ദേഹത്തിന്റെ നിഗമനങ്ങളോടു വിയോജിക്കാം. പക്ഷേ, ആ വാദങ്ങളെ നിരാകരിക്കാനാവില്ല. എന്തെന്നാല്‍ അദ്ദേഹം വാദമുഖങ്ങള്‍ കെട്ടിപ്പടുക്കുന്നത് ശാസ്ത്രസത്യത്തിലാണ്. ഈ ഗ്രന്ഥം വായിച്ച പരസഹസ്രം പേരെപ്പോലെ, ഈ ലേഖകനേയും സത്താപരമായ പ്രതിസന്ധിയിലാക്കിയത് സ്വകാര്യവിശ്വാസത്തിന്റെ നേര്‍ക്ക് അദ്ദേഹം ഉയര്‍ത്തിയ ചോദ്യങ്ങളാണ്. ലോകത്തെയും മനുഷ്യനെയും സൃഷ്ടിച്ചത് ഈശ്വരനാണെങ്കില്‍, ആ ഈശ്വരന്‍ എവിടെയെന്നല്ല അദ്ദേഹം ചോദിക്കുന്നത്; അദ്ദേഹത്തിന് എങ്ങനെ ഇതിനൊക്കെ സാധിക്കുന്നു എന്നും ചോദിക്കുന്നില്ല. മറിച്ച് അദ്ദേഹം എഴുതുന്നത് ഈശ്വരന്‍ എന്ന സങ്കല്പം മനുഷ്യജീവിതത്തില്‍ എങ്ങനെ ദുഃസ്വാധീനമായി എന്നാണ്. ഇതിന് അദ്ദേഹം നിരത്തുന്നത് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തില്‍ അധിഷ്ഠിതമായ നിഗമനങ്ങളും കണ്ടെത്തലുമാണ്. വിശദമായി അതൊക്കെ ചര്‍ച്ച ചെയ്യുന്ന ഡോക്കിന്‍സ് എഴുതുന്നു: 'ഈ പ്രപഞ്ചത്തിലെ എല്ലാ കണികകളുടെയും നിലനില്പിനെ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതില്‍ ഈശ്വരന്‍ നിരന്തരം വ്യാപൃതനായിരിക്കയാണെന്നു കരുതേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള ഒരു ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ അതിഭീമമായ വിശദീകരണം ആവശ്യമാണ്. ഓരോ മനുഷ്യന്റെയും വികാരങ്ങളും പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനകളുമായി വ്യാപരിച്ചു കഴിയുകയായിരിക്കണം ഈശ്വരന്‍.' തിയോളജിയനായ റിച്ചര്‍ഡ് സ്വിന്‍ബേണ്‍ അദ്ദേഹത്തിന്റെ ഗ്രന്ഥമായ ഈസ് ദേര്‍ എ ഗോഡ്? എന്ന കൃതിയില്‍ പ്രസ്താവിക്കുന്നതുപോലെ, കാന്‍സര്‍ പിടിപെടുമ്പോള്‍ ഒരാളെ രക്ഷിക്കുന്നതിനായി ഇടപെടാതിരിക്കാനും അദ്ദേഹത്തിന് തീരുമാനിക്കേണ്ടിവരുന്നു. അങ്ങനെയല്ലായിരുന്നുവെങ്കില്‍, ഒരാളെ കാന്‍സറില്‍നിന്നും രക്ഷിക്കാനുള്ള പ്രാര്‍ഥനകള്‍ക്ക് അദ്ദേഹം ചെവികൊടുത്തിരുന്നെങ്കില്‍, മനുഷ്യര്‍ക്ക് കാന്‍സര്‍ ഒരു പ്രശ്‌നമേ ആകുമായിരുന്നില്ല. 

'ഓണത്തുമ്പിയുടെ ചിറകും കഴുകന്റെ കണ്ണിലെ നിറവും'വരെ നിശ്ചയിക്കുന്ന മഹാനായ ആ ഡിസൈനര്‍ ആരാണ്? ബര്‍ട്രന്‍ഡ് റസ്സലിനെയാണ് അതിന്റെ ഉത്തരത്തിനായി ഡോക്കിന്‍സ് ഉദ്ധരിക്കുന്നത്. 'മരിച്ച് മുകളില്‍ ചെല്ലുമ്പോള്‍' എന്തുകൊണ്ട് തന്നില്‍ വിശ്വാസം അര്‍പ്പിച്ചില്ല എന്ന് ഈശ്വരന്‍ ചോദിച്ചാല്‍ അതിനു മറുപടിയായി 'വിശ്വസിക്കാന്‍ തക്ക തെളിവുണ്ടായിരുന്നില്ല  ദൈവമേ' എന്നു പറയുമായിരുന്നുവെന്ന് റസ്സല്‍ എഴുതിയിട്ടുണ്ട്. ഇതിനു സമാനമായ നിലപാടായിരുന്നു ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും. അദ്ദേഹം എഴുതി: 'ആത്മീയമായ ആഴത്തിലുള്ള അവിശ്വാസിയാണ് ഞാന്‍. ഇതൊരു പുതിയ തരത്തിലുള്ള മതമാണ്. പ്രകൃതിക്ക് ഒരു ഉദ്ദേശ്യമോ ലക്ഷ്യമോ ഉള്ളതായി ഞാന്‍ സൂചിപ്പിച്ചിട്ടില്ല. പ്രകൃതിയില്‍ ഞാന്‍ ദര്‍ശിക്കുന്നത് അതിന്റെ പ്രൗഢമായ ഘടനയാണ്. ആ കാഴ്ചപോലും അപര്യാപ്തമാണ്. ആ കാഴ്ച ചിന്തിക്കുന്ന ആരെയും വിനീതരാക്കുന്നു. മിസ്റ്റിസിസവുമായി യാതൊരു ബന്ധവുമില്ലാത്ത മതപരമായ ഒരു വികാരമാണിത്. വ്യക്തിഗതമായ ഈശ്വരന്‍ എന്ന ആശയം എനിക്ക് അന്യമാണ്.'

ഈശ്വരനില്‍ വിശ്വസിക്കാതെയും മതവിശ്വാസിയാകാതെയും സദാചാരനിരതവും സന്തുഷ്ടവുമായ ഒരു ജീവിതം എങ്ങനെ സാധ്യമാവുമെന്ന ഗ്രന്ഥകര്‍ത്താവിന്റെ ആലോചനയാണ് ഈ ഗ്രന്ഥത്തിന്റെ അടിത്തറ. ഒപ്പം ഡാര്‍വിനിസത്തിനെതിരെ യുദ്ധം നടത്തുന്ന ക്രിയേഷണിസ്റ്റുകളുടെ നിലപാടുകള്‍ യുക്തിവിരുദ്ധമാണെന്നു സ്ഥാപിക്കുന്നതിലും അദ്ദേഹം വിജയിച്ചിരിക്കുന്നു. ഉറക്കത്തില്‍ ദൈവം വന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇറാക്കിലേക്കു പട്ടാളത്തെ അയച്ചതെന്ന് ലജ്ജാലേശമില്ലാതെ പറഞ്ഞ ബുഷ് ജൂനിയറെപ്പോലുള്ള ഭരണാധികാരികള്‍ മനുഷ്യരാശിയുടെ ഭാവിഭാഗധേയനിര്‍ണയത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന വര്‍ത്തമാന പരിതാപാവസ്ഥയില്‍ ഡോക്കിന്‍സിന്റെ ഗ്രന്ഥത്തിനുള്ള ചരിത്രപരമായ പ്രാധാന്യം വളരെക്കൂടുതലാണ്. 'അത്യുന്നതങ്ങളിലുള്ള ഒരു ശക്തിയുടെ നിയന്ത്രണത്തിലാണ് മനുഷ്യരാശിയെന്ന വിഭ്രാന്തിയെന്നതില്‍നിന്നുള്ള മോചനമാണ്' ഡാര്‍വിനിസമെന്ന നിഗമനത്തെ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥകര്‍ത്താവ്, മതത്തിന്റെ ദുഃസ്വാധീനത്തെ ശാസ്ത്രീയമായി പ്രതിപാദിക്കുന്നു. അതിനായി പഴയ നിയമത്തില്‍ വിശദീകരിക്കുന്ന സംഭവങ്ങളും കഥകളും അദ്ദേഹം നിശിതമായി പരിശോധിക്കുന്നു. കെട്ടുകഥകളും അതിശയോക്തിയും അത്യുക്തിയും ഇടകലര്‍ന്നു നിര്‍മിക്കപ്പെട്ട സംഭവങ്ങളും തലമുറകളായി ക്രൈസ്തവമതവിശ്വാസികളുടെ യുക്തിചിന്തയെയും സത്യം തിരിച്ചറിയാനുള്ള വിവേചനത്തെയും എങ്ങനെ നശിപ്പിച്ചുവെന്നു കണ്ടെത്തുന്ന അദ്ദേഹം പുതിയ തലമുറയെ അത്തരം അപഥസഞ്ചാരത്തില്‍നിന്നും രക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നുണ്ട്. ഗ്രന്ഥത്തിലെ എട്ടും ഒന്‍പതും അധ്യായങ്ങള്‍ എല്ലാ അര്‍ഥത്തിലും സ്‌ഫോടനശക്തിയുള്ളതാണ്. 'മതവിശ്വാസത്തെ ആ നിലയ്ക്കുതന്നെ ആദരിക്കണമെന്ന തത്ത്വം നാം അംഗീകരിച്ചാല്‍ ഒസാമ ബിന്‍ ലാദന്റെയും ആത്മഹത്യാ ബോംബര്‍മാരുടെയും വിശ്വാസത്തെയും നാം ആദരിക്കണ'മെന്ന് എഴുതുന്ന അദ്ദേഹം പറയുന്നത് 'മിതവാദപരമായ മതപാഠങ്ങള്‍, അവ തീവ്രവാദപരമല്ലെന്നിരിക്കിലും, തീവ്രവാദത്തിനുള്ള ക്ഷണം നല്‍കുന്നവയാണെന്നാണ്. ചോദ്യം ചെയ്യാതെയുള്ള വിശ്വാസം സദ്ഗുണമായി ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍ പ്രചരിപ്പിക്കുന്നു. നിങ്ങളുടെ വിശ്വാസം എന്താണെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ടതില്ല. ആരെങ്കിലും ഒരാള്‍ ഇതാണ് തന്റെ വിശ്വാസമെന്നു പ്രഖ്യാപിക്കുമ്പോള്‍, സമൂഹം അതിനെ ചോദ്യംചെയ്യാതെ അംഗീകരിക്കുകയാണ് പതിവ്. അങ്ങനെ ചെയ്യുമ്പോഴാണ് അവിചാരിതമായി വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയും ലണ്ടനിലും മാദ്രീദിലും ബോംബിങ്ങും ഉണ്ടാകുന്നത്. അപ്പോള്‍ അതിനെ തള്ളിപ്പറയാന്‍ തുടങ്ങുന്നു.' വസ്തുനിഷ്ഠമായവിധം അതിനെയൊക്കെ എങ്ങനെ ന്യായീകരിക്കാനാവും എന്നാണ് ഗ്രന്ഥകര്‍ത്താവ് ചോദിക്കുന്നത്. 
(മതത്തിന്റെ അനാശാസ്യമായ സ്വാധീനം വിശദീകരിക്കവേ പ്രസിദ്ധ ചലച്ചിത്രകാരനായ ആല്‍ഫ്രഡ് ഹിച്ച്‌കോക്കുമായി ബന്ധപ്പെട്ട ഒരു സംഭവം ഗ്രന്ഥകര്‍ത്താവ് എഴുതുന്നു. സ്വിറ്റ്‌സര്‍ലന്റില്‍ ഒരു കാറില്‍ യാത്ര ചെയ്യവേ, പൊടുന്നനെ കാറിന്റെ ജാലകത്തിലൂടെ വിരല്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഹിച്ച്‌കോക്ക് പറഞ്ഞു: 'ഞാന്‍ ഇതേവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പേടിപ്പെടുത്തുന്നതാണ് ഈ കാഴ്ച.' ഒരു കുട്ടിയുടെ തോളില്‍ കൈവെച്ചുകൊണ്ട് ഒരു പുരോഹിതന്‍ സംസാരിച്ചു നില്‍ക്കുന്നതായിരുന്നു ആ കാഴ്ച. കാറിന്റെ ജാലകക്കണ്ണാടി താഴ്ത്തിയ ശേഷം ഹിച്ച്‌കോക്ക് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: 'ഓടിക്കോ കുഞ്ഞേ! ജീവന്‍ വേണമെങ്കില്‍ ഓടിക്കോ!')

ദൈവവും മതവും, ദൈവവും വിശ്വാസവും തുടങ്ങി മിക്കവാറും എല്ലാ കാര്യങ്ങളും
ദൃഷ്ടാന്തങ്ങള്‍ നിരത്തി പരിശോധിക്കുന്ന ഡോക്കിന്‍സ് പ്രദര്‍ശിപ്പിക്കുന്ന ചിന്താസ്വാതന്ത്ര്യം ആശ്ചര്യമുളവാക്കുന്നതാണ്. 
വിശ്രുത ബയോളജിസ്റ്റായ ഗ്രന്ഥകര്‍ത്താവിനെ വിവാദം നിഴല്‍പോലെ പിന്തുടരുന്നതായി അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കുമ്പോള്‍ തോന്നും. പരിണാമവാദത്തിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ വാദങ്ങളെയും നേരിടുന്ന അദ്ദേഹത്തിന്റെ വാദങ്ങളെയും   നിലപാടുകളെയും ബലപ്പെടുത്തുന്നത് ശാസ്ത്രവിശ്വാസമാണ്. 
ആ വിശ്വാസമാകട്ടെ, തെളിവുകളില്‍ ഉരച്ചെടുത്ത വജ്രങ്ങളാണ്. ഈ ഗ്രന്ഥത്തെപ്പറ്റി സവിസ്തരമായി എഴുതുകയല്ല ഇവിടെ ചെയ്യുന്നത്. അതിനെ തൊട്ടും തൊടാതെയുമുള്ള വെറും  ഒരു കുറിപ്പ്.
 

No comments:

Post a Comment